Home » കമന്റ്

Category Archives: കമന്റ്

മലയാളി കമ്യൂണിറ്റിയും കമന്റും


രണ്ട് മലയാളി കൂടിയാല്‍ പത്ത് അഭിപ്രായമായി, പിന്നെ തൊഴുത്തില്‍ കുത്തായി എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. സാഹിത്യ-മത സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തുന്ന നേതാക്കളില്‍ പലരും ‘ഞണ്ടുകഥ’ ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നത് എത്രവട്ടം കേട്ടിരിക്കുന്നു.

“മലയാളികളെ എനിക്ക് കണ്ണിന് നേരെ കണ്ടൂടാ. വളര്‍ന്ന് വരുന്ന കാലഘട്ടത്തില്‍ എനിക്കിട്ട് പാരവച്ചിട്ടേ ഉള്ളൂ മലയാളികള്‍. മറ്റ് സംസ്ഥാനക്കാര്‍ എത്ര നല്ലവരാണ്!” – എന്ന് മലയാളത്തിലെ ഒരു പ്രശസ്തഗായിക പറഞ്ഞതോര്‍ക്കുന്നു. “ജീവിതത്തിലെ ഏറ്റവും വലിയ പാരയായ —– കിട്ടിയത് മലയാളിയില്‍ നിന്നായിരുന്നില്ലല്ലോ?” എന്ന് ചോദിച്ചപ്പോള്‍, “ഭൂരിഭാഗം പാരകളും വന്നത് മലയാളികളില്‍ നിന്നായിരുന്നു എന്നാണ് ഉദ്ദേശിച്ചത്” എന്നായി.

മലയാളിയായ ഞാന്‍ ഏറ്റവും കൂടുതല്‍ ഇടപഴകുക മലയാളികളായിട്ട് തന്നെയാണ്. അപ്പോള്‍ ഏറ്റവും കൂടുതല്‍ പാരകളും മലയാളികളില്‍ നിന്നാണ് വരികയെന്ന് ആര്‍ക്കാണറിയാത്തത്? ഈ ലോജിക് പോലും അറിയാതെ, മലയാളികളെ കുറ്റം പറയാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു.

സത്യം പറഞ്ഞാല്‍ ലോകത്തിലെ ഏതാണ്ടെല്ലാ സമൂഹങ്ങളും “ഞണ്ടുകഥ” ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നവരാണ്. തമിഴരായാലും ബീഹാറിയായാലും ഗൂര്‍ഖയായാലും ഈ കഥ പഥ്യം തന്നെ. മുമ്പ് നേരിട്ടിട്ടുള്ള ചില്ലറ കയ്പ്പേറിയ അനുഭവങ്ങളുടെ പേരില്‍ കമ്യൂണിറ്റിയെ കുറ്റം പറയുന്നതിലും വലിയ അബദ്ധമില്ല. പ്രശ്നം ഉണ്ടാവുമ്പോള്‍ ഈ കമ്യൂണിറ്റിയാണ് ഓടിവരേണ്ടത് എന്ന് മറന്നുകൊണ്ടുള്ള ഈ കസര്‍ത്ത് നല്ലതല്ല.

കമ്യൂണിറ്റിയുടെ നന്മയില്‍ എനിക്കിന്നും എന്നും വിശ്വാസമുണ്ട്, ഒപ്പം മലയാളിയുടെ നന്മയിലും. എങ്കിലും എനിക്ക് കമന്റ് കമ്യൂണിറ്റിയില്‍ വിശ്വാസമില്ല.