Home » അച്യുതാനന്ദന്‍

Category Archives: അച്യുതാനന്ദന്‍

Advertisements

അച്യുതാനന്ദനും ഞാനും

മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും കണ്ട് സംസാരിക്കാന്‍ ഏതൊരാളാണ് ആഗ്രഹിക്കാതിരിക്കുക? എന്റെയും സ്വപ്നമായിരുന്നു അത്.  സ്വപ്നമായിരുന്നു. എനിക്കതിനൊരു ചാന്‍സ് വന്നത് 2003 ലാണ്. ആന്റണി മുഖ്യമന്ത്രിയും അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും.

അക്കൊല്ലം പ്രമുഖരുടെ ഓണാശംസകള്‍ സൌണ്ട് ഫയലായി വെബ്‌ലോകത്തില്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും ഓണാശംസ റെക്കോര്‍ഡുചെയ്യാനുള്ള നറുക്ക് വീണത് രമേഷ് വഞ്ചിയൂരിനും (ഇപ്പോള്‍ ജയ് ഹിന്ദില്‍) എനിക്കുമായിരുന്നു. അന്ന് ഞാന്‍ ഏതോ പ്രോജക്റ്റിന്റെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു.

ആദ്യം പോയത് അച്യുതാനന്ദനെ കാണാന്‍ തന്നെ. മിമിക്രിക്കാര്‍ വഴിയും ടിവിയിലെ ന്യൂസ് വഴിയും മാത്രം ഞാന്‍ പരിചയപ്പെട്ടിരുന്ന അച്യുതാനന്ദനെ ശരിക്കും പരിചയപ്പെടാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് ഞാന്‍ ശരിക്കും രോമാഞ്ചം കൊണ്ടു. പറഞ്ഞ സമയത്തിന് അരമണിക്കൂര്‍ മുമ്പേ സഹപ്രവര്‍ത്തകനായ രമേഷും ഞാനും കന്റോണ്‍‌മെന്റ് ഹൌസിലെത്തി.

കന്റോണ്‍‌മെന്റ് ഹൌസിന്റെ വരാന്തയില്‍ ഞങ്ങളിരുന്നു. പത്തോളം പേര്‍, ഞങ്ങളെപ്പോലെ തന്നെ അവിടെ വി‌എസ്സിനായി കാത്തിരുന്നിരുന്നു. അല്‍‌പ്പം കഴിഞ്ഞ് കറുത്തിരുണ്ട ഒരു മനുഷ്യന്‍ വന്ന് ഞങ്ങളാരാണെന്ന് ചോദിച്ചു. (വി‌എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറി ഷാജഹാനായിരുന്നു അതെന്ന് പിന്നീടാണ് ഞാനറിയുന്നത്.) വി‌എസ്സിന്റെ ഓണാശംസകള്‍ വെബ്‌ലോകത്തിനായി വാങ്ങാന്‍ വന്നതാണെന്ന് ഞങ്ങള്‍ മറുപടിയും  നല്‍കി. ഷാജഹാന്‍ ഒന്നും പറയാതെ ഉള്ളിലേക്ക് പോയി.

ഞങ്ങള്‍ വി‌എസ്സിനെ കാത്തിരുന്നുകൊണ്ടിരിക്കുമ്പോഴും ആളുകള്‍ സന്ദര്‍ശകരായി എത്തി, ഒരു വൃദ്ധനും പെണ്‍‌കുട്ടിയും. ഞങ്ങള്‍ക്ക് മുമ്പേ വന്നവര്‍ വി‌എസ്സിനെ കണ്ട് മടങ്ങിയപ്പോള്‍ ഞങ്ങളുടെ ഊഴത്തിനായി ഞങ്ങള്‍ എണീറ്റു. ഉടന്‍ ഷാജഹാന്‍ പുറത്ത് വന്ന് അല്‍‌പ്പം കൂടി ക്ഷമിക്കാന്‍ ഞങ്ങളോട് പറഞ്ഞു. ഒന്നൊന്നര മണിക്കൂര്‍ നേരത്തെ കുത്തിയിരുപ്പ് ഞങ്ങളെ നന്നേ തളര്‍ത്തിയിരുന്നു. ഞങ്ങള്‍ വന്നതിന് ശേഷം വന്ന വൃദ്ധനും പെണ്‍‌കുട്ടിയും ഞങ്ങള്‍ക്ക് മുമ്പേ വി‌എസ്സിനെ കാണാന്‍ ഉള്ളില്‍ കടന്നപ്പോള്‍ ഷാജഹാനോട് ഞങ്ങള്‍ക്ക് അല്‍‌പ്പം നീരസവും തോന്നിത്തുടങ്ങിയിരുന്നു.

അവസാനം ഉള്ളില്‍ കടന്നവര്‍ പുറത്തുവന്നപ്പോള്‍ ഷാജഹാന്‍ ഞങ്ങളെ വിളിച്ചു, വി‌എസ്സ് കാത്തിരുക്കുന്നുവെന്ന് പറഞ്ഞു. ടേപ്പ് റെക്കോര്‍ഡറുമായി ഞങ്ങള്‍ വി‌എസ്സിന്റെ മുറിയിലെത്തി. അത്യാവശ്യം ജാഡകളുള്ളൊരു സാദാ നേതാവിനെ നേരിടാനൊരുങ്ങിയിരുന്ന എനിക്ക് വി‌എസ്സ് തീര്‍ത്തും അത്ഭുതമാണ് സമ്മാനിച്ചത്.

“ക്ഷമിക്കണം. സമയം പാലിക്കാന്‍ പറ്റിയില്ല. നിങ്ങളുടെ ഓണാശംസാ റെക്കോര്‍ഡിംഗിനേക്കാള്‍ പ്രാധാന്യമുള്ള പ്രശ്നങ്ങളുമായാണ് സന്ദര്‍ശകര്‍ വന്നത്. അപ്പോള്‍ പിന്നെ ഓണാശംസാ കമ്മിറ്റ്‌മെന്റ് പിന്നത്തേക്ക് നീക്കിവെക്കുന്നതാണ് ഉചിതമെന്ന് കരുതി”, മിമിക്രിക്കാര്‍ കാണിക്കുന്നതിനേക്കാള്‍ ഒറിജിനലായി, നിഷ്കളങ്കതയോടെ വി‌എസ്സ് ചിരിച്ചു.

“ശരി, നിങ്ങള്‍ക്കെന്താണ് ആശംസയായി വേണ്ടത്?”, വി‌എസ്സ് ചോദിച്ചു.

“എന്താണ് മലയാളികളോട് ഓണത്തെപ്പറ്റി സഖാവിന് പറയാനുള്ളത്”, ഞങ്ങള്‍.

“എന്ത് ഓണം. ഞാന്‍ ഓണം ആഘോഷിക്കാറേ ഇല്ല. പിന്നെ, ഓണമായാലും ഇല്ലെങ്കിലും മലയാളികളെല്ലാവരും സന്തോഷമായിരിക്കണം എന്ന് ആശംസിക്കുന്നു”, എന്ന് വി‌എസ്സ്.

ഞങ്ങളാ ആശംസ ടേപ്പ് റെക്കോര്‍ഡറില്‍ പകര്‍ത്തി. ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആശംസാവാചകം വി‌എസ്സ് അല്‍‌പ്പം ദീര്‍ഘത്തിലുമാക്കി.

നന്ദി പറഞ്ഞ് പോവാന്‍ നേരം വി‌എസ്സ് പറഞ്ഞു, “നിങ്ങള്‍ വരുന്നതിന് മുമ്പേ ഇവിടെ വന്ന് പോയില്ലേ, രണ്ട് പേര്‍, ഒരു വൃദ്ധനും മകളും. അവര്‍ വരുന്നത് കണ്ണൂര് നിന്നാ. മുഴുപ്പട്ടിണി. സഖാക്കളാ, അവരുടെ കഥ കേട്ടിരുന്നുപോയി. എന്തെങ്കിലും ചെയ്യണം, സാധിക്കുന്ന വിധത്തില്‍. അതാ നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് വൈകിയത്.”

ഞങ്ങള്‍ ഒന്നും പറയാതെ വി‌എസ്സിന്റെ മുറിയില്‍ നിന്ന് ഇറങ്ങി. വി‌എസ്സ് ഞങ്ങളെന്തെങ്കിലും പറയുമെന്ന് കരുതിയിട്ടും ഉണ്ടാവില്ല.

പിന്നീടും ഞാന്‍ വി‌എസ്സുമായി സംസാരിച്ചു, സ്മാര്‍ട്ട് സിറ്റി വിവാദത്തെ പറ്റി ദീപക്കും ഞാനും ചേര്‍ന്നെഴുതിയ സമകാലികമലയാള ലേഖനത്തെപ്പറ്റി. വി‌എസ്സ് മുഖ്യമന്തിയാവുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അത്. ലേഖനത്തെ പറ്റി അഭിപ്രായമാരായാന്‍ ഫോണ്‍ ചെയ്തപ്പോള്‍ ഷാജഹാനായിരുന്നു എടുത്തത്. ഷാജഹാന്‍ ഫോണ്‍ വി‌എസ്സിന് കൊടുത്തു. “കേട്ടു, ലേഖനത്തെ പറ്റി. വായിച്ചില്ല. വായിച്ച് അഭിപ്രായം പറയാം” എന്നും പറഞ്ഞ് മറുപടിക്ക് കാക്കാതെ വി‌എസ്സ് ഫോണ്‍ കട്ട് ചെയ്തു.

Advertisements