Home » 2008 » February

Monthly Archives: February 2008

Advertisements

താക്കറെയുടെ സാങ്കല്‍‌പ്പിക ആത്മഗതം

Photo courtesy - Maharashtratimesസാക്ഷാല്‍ ബാല്‍ താക്കറേ അവശനും രോഗിയും വയസ്സനുമാണ്, കരുണാകരനെ പോലെ. ആവുന്ന കാലത്ത് ഉണ്ടാക്കിവച്ചതെല്ലാം വയസ്സുകാലത്ത് തിരിഞ്ഞുകൊത്തുന്ന അനുഭവം കരുണാകരനുള്ളത് പോലെ നമ്മുടെ താക്കറേക്കുമുണ്ട്. എന്തായിരുന്നു ഇന്നലെകള്‍! വീട്ടിലെ ചാരുകസേരയില്‍ കിടന്ന് ബാല്‍ താക്കറേ അയവിറക്കുകയാണ് –

അന്നൊന്നും ഈ കാവി നിറത്തിന് ഇത്ര തുടുപ്പില്ല. ബോംബെ നഗരം മെട്രോ നഗരമായി, ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടവിടെ ദാദാഗിരികള്‍ പൊങ്ങിവരുന്നുണ്ട്. വരുത്തരുടെ നഗരമായതിനാല്‍ ഗലികളില്‍ തമിഴും തെലുങ്കും ഹിന്ദിയും ഇടകലര്‍ന്ന് കേള്‍‌ക്കാനുണ്ട്. തൊള്ളായിരത്തി അറുപതുകള്‍! ഹോ, ആലോചിക്കുമ്പോള്‍ കുളിരുകോരുന്നു!

ദേശീയത മൊത്തം വടക്കന്മാരുടെ കയ്യിലാണല്ലോ അല്ലെങ്കില്‍, കയ്യില്‍ ആവേണ്ടതാണല്ലോ? എന്നാല്‍ പുറത്തേക്ക് നോക്കിയാലോ, കുറേ മദ്രാസികള്‍.. ജനനനിയന്ത്രണമൊന്നും ഗലികളില്‍ ഇല്ലെന്ന് തോന്നുന്നു. കൂത്താടികളെപ്പോലെ ഇവറ്റ ഇങ്ങനെ പടര്‍ന്നാല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ചെറു പതിപ്പാവും ബോംബെ. അത് നടക്കരുത്. അണ്ണാറക്കണ്ണാനും തന്നാലാവത് ചെയ്യണമല്ലോ. തല ചൊറിഞ്ഞു, ചുറ്റും നോക്കി. എന്തോ കണ്ണിലുടക്കി. ചില്ലിട്ട ഫ്രെയിമില്‍ നിന്ന് നോക്കി ചിരിക്കുന്നത് ശിവജിയല്ലേ! മറാഠാ, മറാഠീ എന്നൊക്കെ കേട്ടാല്‍ ചോര തിളക്കണം എന്ന് പാടിയ കക്ഷിയാണ്.

എന്തൊരു രസമായിരുന്നു അക്കാലം. ചോരയൊലിപ്പിച്ചുകൊണ്ട് ഓടുന്ന മദ്രാസിയുടെ നാഭിയില്‍ തന്നെ തൊഴിക്കുന്ന ആ രസമുണ്ടല്ലോ. അത് അനുഭവിച്ചറിയുക തന്നെ വേണം. പോക്കണം കെട്ട വര്‍ഗ്ഗമാണ്. ഇന്ത്യയുടെ ദേശീയതയിലൊന്നും ഇവറ്റയ്ക്ക് വിശ്വാസമില്ല. ദ്രാവിഡരാണെത്രെ! അങ്ങനെ ശിവസേന പിറന്നു. ശിവജിയുടെ സേവകരാണ്. മറാഠിക്ക് വേണ്ടി ജീവന്‍ കളയും.

സംഭവമേറ്റു. പീക്കിരിപ്പിള്ളാര്‍ വരെ സേനയുടെ കൊടിയുമേന്തി ദ്രാവിഡവേട്ടക്കൊരുങ്ങി. മണ്ണ് മണ്ണിന്റെ മക്കള്‍ക്ക്. വരുത്തര്‍ക്കല്ല. ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍‌പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് വന്നവരും വരുത്തരല്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ബോധമില്ല. വടക്കന്‍ ഗോസായിക്കും കൂടി ഉള്ളതാണ് ബോംബെ. ഹിന്ദിയും മറാഠിയും ഭായീ ബഹനല്ലേ! പ്രശ്നം ദ്രാവിഡമല്ലേ!

കുറേയെണ്ണത്തിനെ കൊല്ലുകയും തല്ലുകയും ചെയ്തപ്പോള്‍ മുന്തിയവന്മാര്‍ വിളിച്ചു. സംഭവം അവസാനിപ്പിക്കാന്‍ പറഞ്ഞു. സംഭവം അവസാനിപ്പിച്ചാല്‍ ശിവസേനയും അവസാനിക്കുമെന്ന് ബോധിപ്പിച്ചു. അതൊന്നുമുണ്ടാവില്ല, നമുക്ക് സഹകരിക്കാമെന്നായി ചില കാവിക്കൊടികള്‍. ഹിന്ദിയും മറാഠിയും ഒന്നിച്ചാല്‍ അതിനൊരു കാവിനിറം വരിക സ്വാഭാവികം. ഒന്നുമില്ലെങ്കിലും എല്ലാവരും ഹിന്ദുക്കളല്ലേ! അതുകൊണ്ട് സമ്മതിച്ചു. പിന്നീടങ്ങോട്ട് മൊത്തമൊരു സഹകരണബാങ്ക് ആയിരുന്നു. ബാബറിപ്പള്ളി പൊളിക്കാന്‍ മുമ്പില്‍ തന്നെയുണ്ടായിരുന്നു.

അന്ന് തൊട്ട് ഇന്നോളവും വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കഴിഞ്ഞുപോരുകയായിരുന്നു. മറാഠിയുടെ അവകാശങ്ങളല്ല, ഹിന്ദുത്വമാണ് ശിവസേനയുടെ അജണ്ടയെന്ന് ചില കുരുത്തം‌കെട്ടവര്‍ ഇടക്കിടെ പറഞ്ഞുപരത്തുന്നുണ്ടായിരുന്നു. രണ്ടും ഒന്നാണെന്ന് ഇവറ്റയ്ക്ക് മനസ്സിലാവുന്നില്ലല്ലോ!

ചുവരിലെ ഫ്രെയിമിട്ട ആ ചിത്രം ഇപ്പോഴുമുണ്ട്. നീട്ടിപ്പിടിച്ച ആ വാളിന്റെ പെയിന്റ് ഇളകിപ്പോയിരിക്കുന്നു. എങ്ങനെ ഇളകിപ്പോവാതിരിക്കും. കലികാലമല്ലേ! നില മറന്നാണ് ചില വൃത്തികെട്ടവന്മാര്‍ ആടുന്നത്. സ്വന്തം മരുമകനെ പറ്റിയാണ് പറയുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനം മകന് കൊടുക്കാതെ മരുമകന് ആരെങ്കിലും കൊടുക്കുമോ? ഉദ്ദവിനെ അരിയിട്ട് വാഴിച്ചതില്‍ പിന്നെയാണ് ഈ അസുരവിത്തിന് ദണ്ഡമിളകിയത്. ഇപ്പോഴത് മൂര്‍ധന്യാവസ്ഥയിലും എത്തിയിരിക്കുന്നു.

മറാഠി, ഹിന്ദി ഭായിഭായീ എന്ന് മഹാകോടി തവണ ഉരുക്കഴിച്ചെടുത്ത മന്ത്രമാണല്ലോ ഈ രാജന്‍ ചെക്കന്‍ കൊളമാക്കുന്നത്. മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയാണെത്രെ ചെക്കന്റെ വാനരസേന! ശിവസേന നിര്‍മ്മിക്കാത്ത എന്ത് പുതിയതായി നിര്‍മ്മിക്കാനാണാവോ ചെക്കന്‍ വാളുമെടുത്ത് പൊറപ്പെട്ടിരിക്കുന്നത്? വടക്കേയിന്ത്യക്കാരാണെത്രെ ചെക്കന്റെ പ്രഖ്യാപിത ശത്രുക്കള്‍. മൊത്തം ബിമാരുക്കളെയും* മുംബൈയില്‍ നിന്ന് ഓടിക്കണം എന്നാണ് പയ്യന്റെ മനസ്സിലിരുപ്പ്. കണ്ണില്‍ കാണുന്ന സകല ബിമാരുക്കളെയും വളഞ്ഞിട്ട് തല്ലുകയാണ് നിര്‍മ്മാണ സേനക്കാര്‍!

ഇതൊക്കെ താന്‍ പണ്ട് കളിച്ച കാര്‍ഡുതന്നെ. ദ്രാവിഡര്‍ക്കെതിരെ കളിച്ച കാര്‍ഡ് മറിച്ച് ബിമാരുക്കള്‍ക്കെതിരെ പ്രയോഗിക്കുകയാണ് ചെക്കന്‍. കരുണാനിധിയും മറ്റുമാണ് ചെക്കന്റെ മാനസഗുരുക്കന്മാര്‍. ഒരു മറാഠിക്ക് ഇത്ര അധഃപതിക്കാനാവുമോ? ഓര്‍ക്കൂട്ടിലോ മറ്റ് പോസ്റ്റിട്ട് പീക്കിരിപ്പിള്ളാരെ സംഘടിപ്പിക്കുന്നുണ്ടെത്രെ ഈ വിരുതന്‍. പൂവിട്ട് പൂജിക്കേണ്ട വടക്കേയിന്ത്യന്‍ ഗോസായിമാരെ ഓര്‍ക്കൂട്ടിലിരുന്ന് ആട്ടുകയാണ് ഈ പീക്കിരിപ്പിള്ളാര്‍. ഇതൊന്നും നല്ലതിനല്ല എന്നേ പറയാനുള്ളൂ.

*BIMARU – Bihar, Madhya Pradesh, Rajasthan, Uttar Pradesh

Advertisements