(തമിഴ് കമ്പ്യൂട്ടിംഗ് രംഗത്ത് എടുത്തുപറയാവുന്ന സംഭാവനകള്‍ നല്‍കിയ സെന്തില്‍ നാഥന്‍ senthilapi.wordpress.com ബ്ലോഗില്‍ 2006 സെപ്റ്റംബര്‍ 3 ന് പോസ്റ്റുചെയ്ത “അ-യൂണീക്കോഡ് “എന്ന ലേഖനത്തിന്റെ പരിഭാഷയാണ് താഴെ നല്‍കിയിരിക്കുന്നത്. ലോക്കലൈസേഷന്‍ കമ്പനിയായ അപ്ലൈഡ് ലാംഗ്വേജ് സൊലൂഷനില്‍ മാനേജരാണ് സെന്തില്‍ നാഥന്‍. ലേഖനം പരിഭാഷ ചെയ്യാന്‍ അനുമതി നല്‍കിയ സെന്തില്‍ നാഥന് നന്ദി.)
ഭാഗം 1 ല്‍ നിന്ന് തുടര്‍ച്ച…
എന്റെ അഭിപ്രായം: തുടക്കത്തില്‍ തന്നെ നമ്മള്‍ കണ്ണുതുറന്ന് കണ്ടിരുന്നുവെങ്കില്‍, തമിഴ് മറ്റ് ഇന്‍ഡിക് സ്‌ക്രിപ്റ്റുകളെ പോലെയല്ല, വ്യത്യസ്തമാണ് എന്ന് വാദിച്ച് നമുക്കാവശ്യമുള്ളത് നേടിയെടുക്കാമായിരുന്നു.
യൂണീക്കോഡ് വെറുമൊരു ഫോണ്ടാണ് അല്ലെങ്കില്‍ ഡിടിപി ഉപകരണമാണ് എന്ന് നോക്കാതെ, തമിഴ് കമ്പ്യൂട്ടിംഗ് എന്ന വലിയ പരിപ്രേക്ഷ്യം എടുക്കുകയാണെങ്കില്‍ മുന്‍പറഞ്ഞ വാദങ്ങള്‍ ശരിയാണെന്ന് വരാം.
സത്യം പറഞ്ഞാല്‍ ഇത് ദുഃഖകരമായ അവസ്ഥയാണ്. ഈ പ്രശ്നത്തെ പറ്റിയുള്ള ചര്‍ച്ച നടക്കുന്നത് ചെറിയൊരു സര്‍ക്കിളില്‍ മാത്രമാണ്. വര്‍ഷാവര്‍ഷം നടക്കുന്ന തമിഴ് ഇന്റര്‍നെറ്റ് സമ്മേളനങ്ങള്‍ രാഷ്ട്രീയപ്രേരിതം ആണെന്നതിനാല്‍ നാം തുടര്‍ന്നും തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
നെറ്റ് വായനക്കാരേ, ഇത് സംബന്ധിച്ച് നമ്മളും ചിലത് ചെയ്യേണ്ടതില്ലേ? കൂടെ കൂടുന്നോ?
വാല്‍ക്കഷണം: ഞായറാഴ്ച നടന്ന ഈ മീറ്റിംഗ് ഏറെ ആസ്വാദ്യകരമായിരുന്നു. വിവാദങ്ങളെല്ലാം തീര്‍ത്ത് വേഗമൊരു പരിഹാരമുണ്ടാക്കൂ എന്ന് വാര്‍ത്താവിനിമയ – വിവരസാങ്കേതിക മന്ത്രി ദയാനിധി മാരന്‍ ആവശ്യപ്പെട്ടു.
ഇതുപോലുള്ള ചര്‍ച്ചകള്‍ ഹിന്ദിയില്‍ നടക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍, നിങ്ങളെല്ലാം ഭാഗ്യശാലികള്‍ എന്നായി മോഡുലര്‍ ഇന്‍ഫോടെക്ക് കൂപ്പര്‍. കാരണമായി കൂപ്പര്‍ പറഞ്ഞത് – You own your script. Nobody owns Devanagari script. Neither UPwaalaas, nor Rajasthanis, nor Biharis, nor Maharastrians, nor…
കൂപ്പര്‍ സാര്‍, ഇപ്പോഴുള്ള പ്രശ്നങ്ങള്‍ വച്ചുനോക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ നിങ്ങള്‍ തന്നെയാണ് ഭാഗ്യശാലി.
ഇനി ഈ ലേഖനത്തിന് വന്ന പ്രധാനപ്പെട്ട ചില കമന്റുകളും അവയ്ക്ക് സെന്തില്‍ നല്‍കിയ മറുപടിയും.
സാത്താന്‍ എഴുതി:ഈ സോ കോള്‍ഡു റെന്‍ഡറിംഗ് എഞ്ചിനില്‍ കുത്ത്, അനുസ്വാരം തുടങ്ങിയ എക്സ്ട്രാ ഫിറ്റിംഗുകളെ കൊണ്ടുവരാന്‍ പറ്റില്ലേ?
സെന്തില്‍ എഴുതി:അതെല്ലാം സാധിക്കും. റെന്‍ഡറിംഗ് എഞ്ചിന്‍ എന്ന എക്സ്ട്രാ ഫിറ്റിംഗ് ഇല്ലാതെ തന്നെ, ഓരോ അക്ഷരങ്ങള്‍ക്കും ഒന്നിന് ഒന്ന് രീതിയില്‍ ഇടം നല്‍കാമല്ലോ എന്നാണ് പുതിയ 16 ബിറ്റുകാര്‍ ചോദിക്കുന്നത്.
ചരിത്രാതീത കാലത്ത് തമിഴ് ലിപിയും ദേവനാഗിരിയും ഒരേ വേരില്‍ നിന്ന് ഉണ്ടായിവന്ന ഭാഷകള്‍ ആയിരുന്നിരിക്കാം. എന്നാല്‍ രണ്ടിലും ഒരേ ഘടകങ്ങളല്ല ഉണ്ടായിരുന്നത്. തമിഴില്‍ കൂട്ടക്ഷരങ്ങള്‍ ഇല്ല. നമ്മുടെ ഭാഷയ്ക്ക് സിമ്പ്ലിസിറ്റി ഉണ്ടെന്നിരിക്കെ എന്തിനാണ് അനാവശ്യമായി സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍. എന്തിനാണ് തമിഴിന് മാത്രമായുള്ള ആയുധ എഴുത്ത്, ഹിന്ദിയിലെ വിസര്‍ഗ്ഗവുമായി ബന്ധിപ്പിക്കുന്നത്?
എന്‍ ഗണേശന്‍ എഴുതി:കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യജ്ഞനങ്ങളെ – ക്, ങ്, ച് – യൂണീക്കോഡീല്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ബാംഗ്ലൂര്‍ എന്‍ അന്‍പരസന്‍ എഴുതിവരുന്നുണ്ട്. അതൊരു നല്ല കാര്യമായി തോന്നുന്നു. ഇന്ത്യ, തെക്ക്-കിഴക്ക് ഏഷ്യാ ഭാഷകളില്‍ ഒന്നിലും യൂണിക്കോഡില്‍ ഉയിര്‍മെയ് അക്ഷരങ്ങള്‍ ഇല്ല. അതിനാല്‍ തമിഴിന് മാത്രമായി ഇവ കിട്ടുമോ എന്ന് സംശയമുണ്ട്.
സോര്‍ട്ടിംഗിനെ പറ്റി സെന്തില്‍ എഴുതിയത് സത്യം. ഈ സംവിധാനം സംസ്കൃതം അനുസരിച്ചാണിപ്പോള്‍. തെലുങ്ക്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകള്‍ക്ക് ഈ രീതി യോജിച്ചതാണ്. തമിഴിന് മാത്രമായുള്ള സോര്‍ട്ടിംഗ് സംവിധാനം ഇന്‍ബിറ്റ് സമര്‍പ്പിക്കുകയും യൂണീക്കോഡ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആയുധ എഴുത്തിനെ വിസര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗത്തിലും ഉള്‍പ്പെടുത്താമെന്ന് തോന്നുന്നു. വിസര്‍ഗ്ഗത്തിന്റെ ഒരു പര്യായമാണ് ആശ്രിതം എന്നത്. ഈ ആശ്രിതമാണ് ആയുധമായി മാറിയതെന്ന് കരുതുന്ന വ്യാകരണ പണ്ഡിതരും ഉണ്ട്.
ഇന്‍ബിറ്റ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പ്രകാരം ആയുധ എഴുത്തിന്റെ സവിശേഷഗുണം രണ്ടുവര്‍ഷം മുമ്പ് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഡോട്ടഡ് സര്‍ക്കിള്‍ ഇല്ലാതെ ഇപ്പോള്‍ ആയുധ എഴുത്ത് ദൃശ്യമാവുന്നു (ஃ). പണ്ടുകാലത്ത് ആയുധ എഴുത്തിന്റെ ചിഹ്നം അക്ഷരത്തിന്റെ മുമ്പിലല്ല ഇട്ടിരുന്നത്. എന്നാല്‍ ഇപ്പോളാവട്ടെ ஃபாத்திமா, ஃபையர்ஃபாக்ஸ் (ஃഫാത്തിമാ, ஃഫയര്‍ஃഫോക്സ്) എന്നിങ്ങനെ എഴുതുന്നതിന് ആയുധ എഴുത്ത് ആവശ്യമാണ് എന്ന് കാണിച്ച് ചിഹ്നം നമ്മള്‍ മുമ്പില്‍ കൊണ്ടുവന്നു.
നല്ല ലേഖനം,
എന്‍. ഗണേശന്‍
സെന്തില്‍ എഴുതി:ഇന്‍ഫിറ്റ് സമര്‍പ്പിച്ച മാറ്റങ്ങള്‍ യൂണീക്കോഡ് കണ്‍സോര്‍ഷ്യം അംഗീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിന് നന്ദി. എന്നാല്‍ ഇസ്ക്കി കാരണം വ്യവസ്ഥയില്ലാത്ത രീതി തമിഴിന് ചുമക്കേണ്ടി വന്ന ദുരവസ്ഥയെ പറ്റിയായിരുന്നു എന്റെ ലേഖനം. ഇതൊരു സാങ്കേതിക പ്രശ്നമായി മാത്രം ഞാന്‍ കാണുന്നില്ല. പരിഹരിക്കാന്‍ കഴിയുന്ന, എന്നാല്‍ “രാഷ്ട്രീയമായി” ഇടപെടലുകള്‍ നടക്കുന്ന പ്രശ്നമായും ഞാന്‍ കാണുന്നു. എന്തുകൊണ്ടെന്നാല്‍ സാങ്കേതിക പ്രശ്നമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പരിഹാരം കാണാമല്ലോ? എന്നാല്‍ അങ്ങനെയല്ലല്ലോ തമിഴിന്റെ കാര്യത്തില്‍ നടക്കുന്നത്!
ഇസ്കി വികസിപ്പിച്ചെടുക്കുന്ന സമയത്ത് ഉത്തമമോ തമിഴ് കമ്പ്യൂട്ടിംഗ് സംഘടനകളോ ഇല്ല. ഇസ്കി വികസിപ്പിച്ചെടുത്ത കേന്ദ്രസര്‍ക്കാരിന്റെ ഇലക്‌ട്രോണിക്സ് വകുപ്പ് അധികൃതര്‍ തമിഴ്‌നാട് സര്‍ക്കാരുമായോ തമിഴ് പണ്ഡിതരുമായോ ചര്‍ച്ച നടത്തണമായിരുന്നു. അതും ഉണ്ടായില്ല.
യൂണീക്കോഡിലേക്ക് മാറിയ തമിഴ് മാറ്റാന്‍ സാധ്യമല്ല എന്നതിനാല്‍ യൂണീക്കോഡ് ചാര്‍ട്ടിലുള്ള പ്രത്യേക ഇടങ്ങളില്‍ പുതിയ 16 ബിറ്റ് തമിഴ് ചിഹ്നങ്ങളെ ചേര്‍ക്കാന്‍ പരിശ്രമങ്ങള്‍ നടന്നുവരുന്നു. എന്നാല്‍ ഒരു ഭാഷയ്ക്കായുള്ള അക്ഷരചിഹ്നങ്ങളെ രണ്ട് ഇടങ്ങളില്‍ ചേര്‍ക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഇരുകൂട്ടരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഇതിനൊരു പരിഹാരം കാണുകയും ചെയ്യാം.
ഇങ്ങനെയൊരു പരിഹാരം അസാധ്യമാക്കുന്ന രണ്ട് വാദഗതികളുണ്ട്.
1. എന്റെ ഭാഷയ്ക്ക് വേണ്ട പരിഹാരം ഞാന്‍ കൊടുത്തുകൊള്ളാം എന്ന വാദം
2. നിന്റെ ഭാഷയ്ക്ക് വേണ്ട പരിഹാരം നീ തന്നെ കൊടുക്കുക എന്നത് സമ്മതിച്ച് കൊടുക്കരുത് എന്ന എതിര്‍വാദം.
ഇതെല്ലാം തമാശയായി തോന്നുന്നു എന്ന് പറയരുതേ. നിലവില്‍ ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങളില്‍ തമിഴ് ഭാഷ ശ്വ്വാസം മുട്ടുകയാണ്.
വീണ്ടും ഒരു ചരിത്രാബദ്ധം ചെയ്യാന്‍ തന്നെയാണോ എല്ലാവരും ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത്?
സെപ്റ്റംബര്‍ 11, 2007 at 7:47 pm
Hm.. Can you please elaborate on Malayalam Unicode issues?